മണ്ണിന്റെ തണുപ്പ്


Jinu Baby നടപ്പാതയിലെ ചുവന്നമണ്ണില്‍ ചവുട്ടി ധ്രിതിയില്‍ നടന്ന് അബുവും ആരിഫും വീട്ടിലെത്തിയപ്പോള്‍ ചേച്ചി പാല്‍ തിളപ്പിക്കുകയായിരുന്നു. ബിസ്ക്കറ്റും പാലുമൊക്കെക്കഴിച്ച് ഉന്മേഷവാന്മാരായി രണ്ടുപേരും കളിക്കാനിറങ്ങും. മറ്റു കുട്ടികള്‍ക്കൊന്നും കിട്ടാത്ത ഒരു പ്രത്യേക സ്ഥലം അവര്‍ക്കുണ്ട്. അവരുടെ മാത്രമൊരു രഹസ്യസങ്കേതം. വീടിന്റെ മുകളിലത്തെ നിലയില്‍ താമസിക്കുന്ന ബാബയുടെ മുറി. കളിമണ്‍ പ്രതിമകള്‍ ഉണ്ടാക്കലാണ് ബാബയുടെ ജോലി. പ്രതിമകള്‍ ടൌണിൽ കൊണ്ടുചെന്ന് വിറ്റു കിട്ടുന്ന ചെറിയ വരുമാനത്തില്‍ ആ വൃദ്ധനായ മനുഷ്യന്‍ വര്‍ഷങ്ങളായി കഴിയുന്നു. നീണ്ട വെള്ളത്താടിയും വെള്ളിതലമുടിയും ഉള്ളതുകൊണ്ടാകാം, ക്രിസ്തുമസ് നാളുകളില്‍ അദ്ദേഹത്തെ സാന്റാ അപ്പുപ്പനാക്കുവാൻ കോളനി ലെ കുട്ടികള്‍ മത്സരിച്ചിരുന്നു. പണ്ട് കാലത്ത് ഇമ്മിണി വല്യൊരു ആര്‍ട്ട്‌ ഷോപ്പിന്റെ ഉടമയായിരുന്നു ബാബയെന്ന് ആരോ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ഒരിക്കല്‍ അദ്ദേഹത്തോട് ചോദിച്ചപ്പോഴുണ്ടായ മറുപടി ഇങ്ങനെയായിരുന്നു : "തുടക്കം ഉള്ളതിനെല്ലാം ഈ ദുനിയാവില്‍ ഒടുക്കവും ഉണ്ട്..." സ്വതവേ ഉള്ള ഒരു മൃദുലമായ ചിരിയില്‍ പൊതിഞ്ഞാണ് അദ്ദേഹം എന്തും പറയുക. അബുവും ആരിഫും ശബ്ദമുണ്ടാക്കാതെ പടികള്‍ കയറി മുകളിലെത്തി. ബാബയുടെ മുറിയുടെ വശത്തുള്ള ജനല്‍പ്പടിയില്‍ അവര്‍ പ്രതീക്ഷിച്ചതു പോലെ തന്നെ രണ്ടു പ്രതിമകള്‍ ഇരിപ്പുണ്ടായിരുന്നു. ഒന്ന് ഒരു യോദ്ധാവിന്റെ. രണ്ടാമത്തത് ഒരു വ്യാളിയുടെ. സൃഷ്ടികര്‍മം കഴിഞ്ഞു ഉറങ്ങാന്‍ പോയ ബ്ബ്രഹ്മാവിനെ പോലെ ബാബാ ശാന്തമായി ഉറങ്ങുന്നു. അബു യോദ്ധാവിന്റെ പ്രതിമയില്‍ കയറിപ്പിടിച്ച ശേഷം പറഞ്ഞു, "ഇത് ഞാന്‍". ആരിഫിനും യോദ്ധാവിന്റെ പ്രതിമ വേണം എന്ന ആഗ്രഹം തോന്നിയെങ്കിലും അബു എടുത്ത സ്ഥിതിക്ക് തനിക്കു ഇനി വ്യാളി തന്നെ ബാക്കിയെന്ന് അവർ മനസ്സിലോർത്തു. വ്യാളിയുടെ പ്രതിമയില്‍ തൊട്ട ശേഷം ആരിഫ് പറഞ്ഞു, "ഞാന്‍ വ്യാളി".